ബൈജൂസ് 460 ദശലക്ഷം ഡോളര്‍ സമാഹരിച്ചു; മൂല്യ നിര്‍ണയം 13 ബില്യണ്‍ ഡോളറിലധികം

March 29, 2021 |
|
News

                  ബൈജൂസ് 460 ദശലക്ഷം ഡോളര്‍ സമാഹരിച്ചു;  മൂല്യ നിര്‍ണയം 13 ബില്യണ്‍ ഡോളറിലധികം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ ടെക്‌നോളജി വമ്പന്‍ ബൈജൂസ് അതിന്റെ നടന്നുകൊണ്ടിരിക്കുന്ന സീരീസ് എഫ് റൗണ്ടിന്റെ ഭാഗമായി 3,328 കോടി രൂപ (ഏകദേശം 460 ദശലക്ഷം ഡോളര്‍) സമാഹരിച്ചു. എംസി ഗ്ലോബല്‍ എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്‍പിയാണ് നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മറ്റ് നിക്ഷേപകരില്‍ ഫേസ്ബുക്ക് സഹസ്ഥാപകനായ എഡ്വേര്‍ഡോ സാവേരിനിന്റെ ബി ക്യാപിറ്റലിന്റെ പങ്കാളിത്തവും ഉണ്ട്.

സീരീസ് എഫ് റൗണ്ടിലൂടെ 1,40,233 നിര്‍ബന്ധിത കണ്‍വേര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ (സിസിപിഎസ്) അനുവദിക്കുന്നതില്‍ ബെംഗളൂരു ആസ്ഥാനമായുള്ള എഡ്‌ടെക് സ്ഥാപനം 13 ബില്യണ്‍ ഡോളറിലധികം മൂല്യ നിര്‍ണയം സ്വന്തമാക്കിയതായി റെഗുലേറ്ററി ഫയലിംഗുകള്‍ വ്യക്തമാക്കുന്നു. 10 രൂപ മുഖവിലയും 2,37,326 രൂപ പ്രീമിയവുമാണ് ഓരോ ഓഹരിക്കുമുള്ളത്.   

ബി ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് 500-600 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി ബൈജൂസ് ചര്‍ച്ച നടത്തിവരികയാണെന്ന് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ഏറ്റെടുക്കലിനായി പുതിയ നിക്ഷേപ സമാഹരണത്തെ ബൈജൂസ് പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. 700-800 ദശലക്ഷം ഡോളറാണ് ഏറ്റെടുക്കല്‍ കരാറിന്റെ മൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബൈജൂസിന്റെ 1.73 ശതമാനം ഓഹരികള്‍ക്കായി 1,628 കോടി രൂപയാണ് (ഏകദേശം 225 മില്യണ്‍ ഡോളര്‍) എംസി ഗ്ലോബല്‍ എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് നിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിലൂടെ ബി ക്യാപിറ്റല്‍ മൊത്തം 561 കോടി രൂപ (ഏകദേശം 77 ദശലക്ഷം ഡോളര്‍) ചെലവിട്ടു. ഇപ്പോള്‍ ബൈജൂസിന്റെ 0.59 ശതമാനം ഓഹരിയാണ് ബി ക്യാപിറ്റലിനുള്ളത്.

നിക്ഷേപ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ മൂല്യനിര്‍ണ്ണയം 14-15 ബില്യണ്‍ ഡോളറിനു മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ടിഗാ ഇന്‍വെസ്റ്റ്‌മെന്റ്, ടിസിഡിഎസ് (ഇന്ത്യ) എല്‍പി, അരിസണ്‍ ഹോള്‍ഡിംഗ്‌സ്, എക്‌സ്എന്‍ എക്‌സ്‌പോണന്റ് ഹോള്‍ഡിംഗ്‌സ്, ബാരണ്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഫണ്ട്, ബാരന്‍ ഗ്ലോബല്‍ അഡ്വാന്റേജ് ഫണ്ട് എന്നിവയാണ് മറ്റ് നിക്ഷേപകര്‍. 2020 ല്‍ കമ്പനി ഒരു ബില്യണ്‍ ഡോളര്‍ സമാഹരിച്ചതിനുശേഷം, ഈ വര്‍ഷത്തെ ബൈജുവിലെ ആദ്യ നിക്ഷേപമാണിത്.

Related Articles

© 2024 Financial Views. All Rights Reserved